ഈ ലോകത്ത് ഒന്നും തന്നെ സൗജന്യമല്ല. നമ്മള് ഉപയോഗിക്കുന്ന ഓരോ ഉല്പന്നത്തിനും അല്ലെങ്കില്‍ സേവനത്തിനും പ്രത്യേക്ഷമായോ പരോക്ഷമായോ പണം നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന സമയത്തിന് അനുസൃതമായി നിങ്ങള്‍ പണം നല്‍കും. നിങ്ങള്‍ ഒരു കുറിയര്‍ അയക്കുമ്പോള്‍, അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വസ്തുവിന്റെ ഭാരത്തിനും ചെന്നെത്തേണ്ട ദൂരത്തിനും അനുസൃതമായി നിങ്ങള്‍ പണം നല്‍കും. നിങ്ങള്‍ ആരില്‍ നിന്നെങ്കിലും കടം വാങ്ങുമ്പോള്‍, അത് തിരിച്ചടയ്ക്കുന്ന കാലത്തിന് അനുസൃതമായ പലിശ അവര്‍ ഈടാക്കും. കടമെടുത്ത മുതലിന്മേലുള്ള ഒരു നിശ്ചിത ശതമാനമായി ഈടാക്കുന്ന ഇത് സാധാരണഗതിയില്‍ ഒരു വര്‍ഷത്തേക്കാണ് കണക്കാക്കപ്പെടുന്നത്.
കമ്പനികള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ബോഡികള്‍ എന്നിങ്ങനെയുള്ളവര്‍ ബോണ്ടുകള്‍ നല്കി അതില്‍ നിന്ന് ലഭിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ തങ്ങളുടെ ഏതെങ്കിലും ബിസിനസിനു വേണ്ട മൂലധനമായി വിനിയോഗിക്കും. ഇത്തരത്തില്‍ കടമെടുക്കുന്ന തുകയ്ക്ക് ഇവര്‍ ഒരു ഫീസ് നല്‍കും. പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിക്കാന്‍ ഇവര്‍ ബോണ്ടുകള്‍ വിതരണം ചെയ്യുകയും ഈ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം പലിശ നല്‍കുകയും ചെയ്യും. അതായത് ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക് തങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് റിട്ടേണ്‍ ആയി ഒരു ഫീസ് നല്‍കും എന്നര്‍ത്ഥം. നിങ്ങളുടെ സേവിങ്ങ്സ് അല്ലെങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് ബാങ്കുകള്‍ നിങ്ങള്‍ക്ക് പലിശ നല്‍കും. സമാനമായി, കമ്പനികള്‍ ഫണ്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ അതിന് പലിശ നല്‍കും. മ്യൂച്വല്‍ ഫണ്ടുകള്‍ അവയുടെ പോര്‍ട്ട്ഫോളിയോയില്‍ ഈ ബോണ്ടുകള്‍ വാങ്ങുമ്പോള്‍, അവയ്ക്ക് പലിശ വരുമാനം ലഭിക്കും. ബോണ്ടുകളുടെ വിലകള്‍ പലിശ നിരക്കുകളുടെ നേര് വിപരീതാനുപാതത്തിലായിരിക്കും ഉണ്ടാവുക. അതായത് ഇവ എപ്പോഴും വിപരീത ദിശയിലായിരിക്കും സഞ്ചരിക്കുക എന്നര്‍ത്ഥം.