മ്യൂച്വൽ ഫണ്ടുകളിൽ നാമനിർദ്ദേശം ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അതിനുള്ള പ്രക്രിയയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?

Video

ജീവിതത്തിൽ നിങ്ങൾക്ക് പല ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കാം. ആ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാക്കാനാണ്, കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം നിങ്ങൾ നിക്ഷേപിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനായും നിങ്ങൾക്ക് നിക്ഷേപം നടത്താം—നിങ്ങൾ ജീവിച്ചിരിക്കുമ്പോഴും നിങ്ങളുടെ അഭാവത്തിലും.

ഓരോരുത്തർക്കും ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ട്, സാക്ഷാത്കരിക്കേണ്ട ചില സ്വപ്നങ്ങളും. ഓരോ ലക്ഷ്യത്തിലും എത്തിച്ചേരാൻ ആസൂത്രണം ആവശ്യമാണ്, സാമ്പത്തിക ലക്ഷ്യത്തിന്റെ കാര്യത്തിലും അത് സത്യമാണ്. തന്റെയും ഉറ്റവരുടെയും ആ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി ഒരാൾ താൻ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നിക്ഷേപിക്കുന്നു.

ജീവിതത്തിൽ അവിചാരിതമായ പലതും സംഭവിക്കാം. യുക്തിസഹമായി, തന്റെ മരണശേഷം നിക്ഷേപങ്ങൾ സ്വയമേവ പങ്കാളിക്കോ കുട്ടികൾക്കോ ലഭിക്കുമെന്ന് ഒരാൾ കരുതിയേക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് അത്ര എളുപ്പമുള്ള, തടസ്സമില്ലാത്ത പ്രക്രിയയാകണമെന്നില്ല. കാരണം മനസ്സിലാക്കാൻ രാജീവ് ഗുപ്തയുടെ ഉദാഹരണമെടുക്കാം.

രാജീവ് ഗുപ്ത നാല് വ്യത്യസ്ത പോർട്ട്ഫോളിയോകൾ സൃഷ്ടിച്ചിരുന്നു, സ്വന്തം ലക്ഷ്യങ്ങൾക്കായി ഒന്നും ഭാര്യയുടെ സാമ്പത്തിക ഭദ്രതയ്ക്കായി മറ്റൊന്നും ബാക്കിയുള്ളവ മക്കളുടെ വിദ്യാഭ്യാസത്തിനായും കരുതി. അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ട് എസ്ഐപികളും അതിനനുസരിച്ചാണ് ആസൂത്രണം ചെയ്തത്.

ബുദ്ധിമാനായ രാജീവ് ഗുപ്ത ഭാഗ്യത്തിന് തന്റെ ഓരോ പോർട്ട്ഫോളിയോയ്ക്കും ഒരോ നോമിനിയെ നിയോഗിച്ചിരുന്നു. നോമിനിയെ വെക്കുക എന്ന ലളിതമായ ഒരു നടപടിയിലൂടെ, പോർട്ട്ഫോളിയോകൾ ശരിയായ നോമിനിക്ക് കൈമാറപ്പെടുമെന്നും അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാലും തന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുമെന്നും രാജീവ് ഉറപ്പാക്കി.

MF നോമിനേഷനുകൾ

ഒരാളുടെ മരണാനന്തരം, ഏറ്റവും കുറഞ്ഞ എഴുത്തുകുത്തുകളിലൂടെ മ്യൂച്വൽ ഫണ്ട് ഫോളിയോ, ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നിവയിലുള്ള പണം വേഗത്തിൽ ക്ലെയിം ചെയ്യാൻ ഉറ്റവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാക്കുന്നതിനുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗമാണ് നോമിനേഷൻ.

യൂണിറ്റുകളുടെ കാര്യത്തിൽ, നോമിനേഷൻ, യൂണിറ്റ് ഉടമയുടെ മരണശേഷം സ്വത്തിൽ ഓഹരി നൽകുന്നില്ല. എല്ലാ യൂണിറ്റ് ഉടമകളുടെയും മരണശേഷം മാത്രമേ യൂണിറ്റുകളുടെ മേലുള്ള അവകാശങ്ങൾ നോമിനിയിൽ(കളിൽ) നിക്ഷിപ്തമാകൂ. ഈ നോമിനേഷന്റെ അടിസ്ഥാനത്തിൽ നോമിനിക്ക് സ്വത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുമെന്നോ അവർ അതിന്റെ ഗുണഭോക്താവാകുമെന്നോ നിർബന്ധമില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സാഹചര്യമനുസരിച്ച്, നിയമപരമായ അവകാശികൾക്കോ പ്രതിനിധികൾക്കോ വേണ്ടി പ്രവർത്തിക്കുന്ന ഒരു ഏജന്റായും ട്രസ്റ്റിയായും മാത്രമേ നോമിനിക്ക്(കൾക്ക്) യൂണിറ്റുകൾ ലഭിക്കുകയുള്ളൂ.

MF-ൽ നോമിനേഷൻ നിർബന്ധമാണോ?

MF നിക്ഷേപകർക്ക് നോമിനേഷൻ നിർബന്ധമാണ്. 2022 ഒക്ടോബർ 1 മുതൽ, MF യൂണിറ്റുകൾ സബ്സ്ക്രൈബ് ചെയ്യുന്ന പുതിയ നിക്ഷേപകർ നിർബന്ധമായും ഒരു നോമിനിയെ നിയോഗിക്കുകയോ അല്ലെങ്കിൽ നോമിനേഷനിൽ നിന്ന് വിട്ടുനിൽക്കാൻ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിക്കുകയോ വേണം. നിലവിലുള്ള നിക്ഷേപകരും 2023 മാർച്ച് 31-നകം അവരുടെ പഴയ നിക്ഷേപങ്ങൾക്കായി നോമിനിയെ നിയോഗിക്കുകയോ നോമിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നതായി കാണിക്കുകയോ വേണം. നിക്ഷേപങ്ങൾ വ്യക്തിഗതമോ സംയുക്തമോ ആയിരുന്നാലും ഇത് ബാധകമാണ്. 

MF നിക്ഷേപങ്ങളിലേക്ക് നോമിനികളെ ചേർക്കുന്നത് എങ്ങനെയാണ്?

അടുത്തുള്ള AMC/RTA ബ്രാഞ്ചിൽ ഒരു ഫിസിക്കൽ റിക്വസ്റ്റ് സമർപ്പിച്ചുകൊണ്ട് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഹോൾഡിംഗിൽ നോമിനികളെ ചേർക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഓൺലൈനായി AMC/RTA വെബ്സൈറ്റിലോ mfcentral.com എന്നതിലോ ഇത് ചെയ്യാം. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത്, നോമിനികളെ ചേർക്കാൻ/അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഫോളിയോ തിരഞ്ഞെടുക്കുക. നോമിനിയുടെ പേര്, വിലാസം, ഓരോ നോമിനിക്കും ലഭിക്കേണ്ട ഉടമസ്ഥാവകാശത്തിന്റെ ശതമാനം എന്നിവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക. ശതമാനം വ്യക്തമാക്കിയില്ലെങ്കിൽ ഓരോ നോമിനിക്കും തുല്യ ശതമാനത്തിന് അർഹതയുണ്ടാകും. നോമിനിയെ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അഭ്യർത്ഥന പരിശോധിക്കുന്നതിനുള്ള ടു-ഫാക്ടർ പ്രാമാണീകരണത്തിന്റെ ഭാഗമായി നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. പകരമായി, ഇ-സൈൻ സൗകര്യം ഉപയോഗിച്ച് ഡിജിറ്റൽ ഫോമിൽ ഒപ്പിടാം.

ഓൺലൈനിൽ ചെയ്യുന്നതിനോട് നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ, നിങ്ങളുടെ ഫോളിയോയിൽ നോമിനിയെ സംബന്ധിച്ച വിശദാംശങ്ങൾ ചേർക്കുന്നതിന്/അപ്ഡേറ്റ് ചെയ്യുന്നതിന് ഫണ്ട് ഹൗസിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് അല്ലെങ്കിൽ ഇൻവെസ്റ്റർ സർവീസ് സെന്റർ സന്ദർശിക്കാം. അവിടെ നിങ്ങൾ രേഖാമൂലമുള്ള ഒരു അപേക്ഷ സമർപ്പിക്കുകയോ ഒരു സാധാരണ അപേക്ഷാ ഫോമിന്റെ ബന്ധപ്പെട്ട ഭാഗം പൂരിപ്പിക്കുകയോ ചെയ്താൽ മതി. നോമിനികളെ ചേർക്കേണ്ട/അപ്ഡേറ്റ് ചെയ്യേണ്ട അക്കൗണ്ട്/ഫോളിയോ ഏതെന്നും നോമിനികളുടെ പേരുകളും നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഒരു അക്കൗണ്ടിൽ/ഫോളിയോയിൽ ഒന്നിൽ കൂടുതൽ നോമിനികൾ ഉണ്ടെങ്കിൽ, ഓരോ നോമിനിക്കും നിങ്ങളുടെ നിക്ഷേപങ്ങളുടെ എത്ര ശതമാനമാണ് ലഭിക്കേണ്ടതെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഇനി, സംയുക്ത ഹോൾഡിംഗ് ആണെങ്കിൽ, എല്ലാ യൂണിറ്റ് ഉടമകളും ഫോമിൽ അവരുടെ സ്വന്തം കൈപ്പടയിൽ ഒപ്പിടേണ്ടതുണ്ട്.

അവസാനമായി ഒരു വാക്ക്

ഓർക്കുക, ഒരു നിക്ഷേപകൻ തന്റെ അക്കൗണ്ടിൽ നോമിനിയെ വെക്കാതിരിക്കുകയോ നോമിനേഷനിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം, നിക്ഷേപകന്റെ നിയമപരമായ അനന്തരാവകാശിക്ക്(കൾക്ക്) അവരുടെ നിയമപരമായ അവകാശം തെളിയിച്ചതിന് ശേഷം മാത്രമേ നിക്ഷേപം ക്ലെയിം ചെയ്യാൻ കഴിയൂ. അതിനാകട്ടെ, ഒരുപാട് സമയം എടുത്തേക്കാം. അതുകൊണ്ട്, അവിചാരിതമായ ഒരു സംഭവമുണ്ടായാൽ ആസ്തികളുടെ സുഗമമായ കൈമാറ്റം സാധ്യമാക്കുന്നതിന് നിങ്ങളുടെ എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും നോമിനി/നോമിനികൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

അതിനാൽ, നിങ്ങളുടെ എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപ അക്കൗണ്ടുകളും നോമിനിയെ സംബന്ധിച്ച വിശദാംശങ്ങൾ സഹിതം അപ്ഡേറ്റ് ചെയ്യുകയും, അവിചാരിതമായി നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനായി തങ്ങളുടെ നിയമപരമായ അവകാശം തെളിയിക്കുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുകയും ചെയ്യുക.

445

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??