ഒരു രീതിയില്‍, മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ തെരഞ്ഞെടുക്കുന്നതടക്കമുള്ള നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ സഹായിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. എന്നിരുന്നാലും, പേര് സൂചിപ്പിക്കും പോലെ തന്നെ, ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മ്യൂച്വല്‍ ഫണ്ട് ഉല്പന്നങ്ങളിലായിരിക്കും. എന്നാല്‍ ഒരു ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറുടെ പക്കല്‍ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശാലമായ ഒരു ശ്രേണി തന്നെ ഉണ്ടായിരിക്കും.
അങ്ങനെയാണെങ്കില്‍, നിക്ഷേപകര്‍ക്ക് ഏതെങ്കിലും ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം വിറ്റഴിച്ചു കൊണ്ട് കമ്മീഷന് നേടുന്നതു മാത്രമാണോ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടെ ജോലി? ഇക്കാര്യത്തില്‍ റെഗുലേഷനുകള്‍ വളരെ കര്‍ക്കശമാണ്. നിക്ഷേപകന് അനുയോജ്യമല്ലാത്ത ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ വിറ്റാല്‍ അത് “മിസ്-സെല്ലിങ്ങ്” ആയി കണക്കാക്കപ്പെടും. ഇത് ഒരു കുറ്റമാണ്.
ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ നിക്ഷേപകന്റെ സാഹചര്യം/റിസ്ക് പ്രൊഫൈല്‍ അറിയുകയും അങ്ങനെ ആ നിക്ഷേപകന്റെ ആവശ്യത്തിന് അനുസൃതമായി അനുയോജ്യമായ ഉല്പങ്ങങ്ങള് ശുപാര്‍ശ ചെയ്യുകയും വേണം. അതേ സമയം, ഒരു ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍ നിക്ഷേപകന്റെ ആസ്തികള്‍, ബാധ്യതകള്‍, വരുമാനം, ചെലവ് എന്നിവ അടക്കമുള്ള വിശാലമായ ചിത്രം വിലയിരുത്തുകയും ഉല്പന്നങ്ങള് ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ഇവര്‍ രണ്ടു പേരും രജിസ്റ്റര്‍ ചെയ്ത വ്യക്തികളോ സ്ഥാപനങ്ങളോ ആയിരിക്കും. അതിനാല്‍ റെഗുലേഷനുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. SEBIയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കും ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍മാര്‍. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ അസോസിയേഷനായ അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയില്‍ (AMFI) ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.