മ്യൂച്വല്‍ ഫണ്ടുകളില്‍ റെഗുലര്‍ ഇന്വെസ്റ്റ്മെന്റുകളായോ മൊത്തം തുകയായോ അല്ലെങ്കില്‍ ഈ രണ്ട് രീതിയിലുമോ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയും. ഇതില്‍ ആദ്യത്തേതില്‍, നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ആവൃത്തി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. പ്രതിദിന/പ്രതിവാര/പ്രതിമാസ ആവൃത്തിക്ക്, നിങ്ങളുടെ നിക്ഷേപങ്ങള്‍ SIP യിലൂടെ ഓട്ടോമേറ്റ് ചെയ്യാം.
ഈ ഓട്ടോമേഷന്‍ പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ അല്ലെങ്കില്‍ ബാങ്കുകളില്‍ നിന്നുള്ള ഇലക്ട്രോണിക് ഡെബിറ്റ് എന്നിവയിലൂടെ നിര്‍വഹിക്കാം. ഇലക്ട്രോണിക് ഡെബിറ്റുകള്‍ “ഡയറക്ട് ഡെബിറ്റ്” ഫെസിലിറ്റിയിലൂടെ അല്ലെങ്കില്‍ NACH (നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് ഹൗസ്) ലൂടെ ക്രമീകരിക്കാം. ഈ പ്രക്രിയക്ക് ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളില്‍ അപേക്ഷാ ഫോമുകള്‍ ലഭ്യമായിരിക്കും.
ഇത് എല്ലാ മാസവും പുതിയ ഫോം പൂരിപ്പിക്കേണ്ടതിന്റെ ബുദ്ധിമുട്ടും അല്ലെങ്കില്‍ ഏത് സ്കീമില്‍ നിക്ഷേപിക്കണം എന്ന ആശയക്കുഴപ്പവും കുറയ്ക്കും. സ്കീമും തുകയും തീയതിയും തെരഞ്ഞെടുത്താല്‍ മാത്രം മതി. ട്രാന്സാക്ഷന് ഓട്ടോമാറ്റിക് ആയി നിര്‍വഹിക്കപ്പെടും. നിങ്ങള്‍ക്ക് ആറു മാസത്തേക്കോ അതിലധികം കാലയളവിലേക്കോ SIP ചിട്ടപ്പെടുത്താം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി.
ഇനിയാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം. നിങ്ങള്‍ തുടര്‍ച്ചയായി ഒന്നോ രണ്ടോ തവണകള്‍ മുടക്കിയാല്‍, ഫണ്ട് ഹൗസ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ഡിപ്പോസിറ്റ് ചെയ്യുന്നത് അവസാനിപ്പിക്കുകയും ഉപയോഗിക്കാത്ത എല്ലാ ചെക്കുകളും തിരികെ നല്‍കുകയും അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തേക്കാം. ഇതിന് പിഴ ഈടാക്കുകയോ നിക്ഷേപം കണ്ടുകെട്ടുകയോ ചെയ്യില്ല.
ഇതേ അക്കൗണ്ടില്‍ നിങ്ങളുടെ SIP നിങ്ങള്‍ക്ക് ഏത് സമയത്തും വീണ്ടും തുടരുകയും ചെയ്യാം.