മിഡ്-ക്യാപ്പ്, സ്മോൾ-ക്യാപ്പ് ഫണ്ടുകൾ ഒന്നുതന്നെയാണോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ, 2017 ഒക്ടോബറില്‍ പുറത്തിറക്കുകയും 2018 ജൂണില്‍ പ്രാബല്യത്തിലാകുകയും ചെയ്ത സെബിയുടെ പ്രോഡക്റ്റ് കാറ്റഗറൈസേഷന്‍ സർക്കുലർ നിങ്ങൾ റഫർ ചെയ്യണം. മാർക്കറ്റിലെ വലിപ്പത്തിന് അനുസൃതമായി വ്യത്യസ്ത തരം കമ്പനികളിൽ നിക്ഷേപിക്കുന്ന രണ്ട് വ്യത്യസ്ത തരം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ഇവ. അതിനാൽ തന്നെ ഇവയ്ക്ക് വ്യത്യസ്ത റിസ്ക്-റിട്ടേൺ പ്രൊഫൈലുകളും ഉണ്ടായിരിക്കും.
ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ = പബ്ലിക് ആയി ലിസ്റ്റ് ചെയ്ത ഷെയറുകളുടെ എണ്ണം x ഓരോ ഷെയറിന്റെയും വില) കാര്യത്തിൽ 101 മുതൽ 250 വരെയുള്ള കമ്പനികളെയാണ് മിഡ്-ക്യാപ്പ് എന്നത് സൂചിപ്പിക്കുന്നത്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ 251 മുതലുള്ള കമ്പനികളെയാണ് സ്മോള്‍ ക്യാപ്പ് എന്ന് വിളിക്കുന്നത്.
ഉയർന്ന വളർച്ചാ സാധ്യതയുള്ള മിഡ്-ക്യാപ്പ് കമ്പനികളിലാണ് ഒരു മിഡ് ക്യാപ്പ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഈ കമ്പനികൾ നിലവില്‍ ഒരു നിശ്ചിത വളര്‍ച്ചയും സ്ഥിരതയും നേടിയിട്ടുള്ളതിനാൽ സ്മോള്‍ ക്യാപ്പുകളുമായി ബന്ധപ്പെട്ട റിസ്ക് ഇവയ്ക്ക് ഉണ്ടായിരിക്കില്ല. ഞങ്ങളുടെ ലേഖനങ്ങളിലൊന്നിൽ നിന്ന് നിങ്ങൾക്ക് മിഡ്-ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ അറിയാന്‍ കഴിയും:
mutualfundssahihai.com/ml/what-are-mid-cap-funds
ഒരു സ്മോൾ-ക്യാപ്പ് ഫണ്ട് സ്മോൾ-ക്യാപ്പ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. ആ കമ്പനികള്‍ നിലവിൽ ഉയർന്ന വളർച്ചാ ഘട്ടത്തിലൂടെ കടന്നുപോകുന്നവയും എന്നാൽ അത്ര തന്നെ നഷ്ട സാധ്യതയുള്ളവയുമാണ്. കൂടുതൽ സ്ഥിരതയുള്ള ലാര്‍ജ്-ക്യാപ്പ് സ്റ്റോക്കുകളിൽ നിന്ന് വ്യത്യസ്തമായി, സ്മോൾ-ക്യാപ്പ് സ്റ്റോക്കുകൾക്ക് കൂടുതൽ അസ്ഥിരത ഉണ്ടായിരിക്കും.
അതിനാല്‍ സ്മോൾ-ക്യാപ്പ് ഫണ്ട് കാറ്റഗറി പോലെ കൂടുതല്‍ നഷ്ട സാധ്യതയില്ലാതെ ലാര്‍ജ് ക്യാപ്പുകളേക്കാൾ ഉയർന്ന വരുമാനം നൽകാൻ മിഡ്-ക്യാപ്പ് ഫണ്ടുകൾക്ക് കഴിയും. ലാര്‍ജ്-ക്യാപ്പ് ഫണ്ടുകളേക്കാൾ ഉയർന്ന നഷ്ട സാധ്യതയുള്ള ചില ഘടകങ്ങൾ അവയ്ക്ക് അപ്പോഴും ഉണ്ടായിരിക്കും.
അവ നിക്ഷേപിക്കുന്ന ഓഹരികളുടെ തരം കണക്കിലെടുക്കുമ്പോൾ, ഹ്രസ്വകാലത്തേക്കും ഇടത്തരം കാലത്തേക്കുമുള്ള നിക്ഷേപങ്ങളില്‍ മിഡ് ക്യാപ്പ് ഫണ്ടുകള്‍ക്കും സ്മോൾ ക്യാപ്പ് ഫണ്ടുകള്‍ക്കും നഷ്ട സാധ്യതയുണ്ട്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുകയും 5-7 വർഷം ഈ ഫണ്ടിന്റെ ഏറ്റക്കുറച്ചിലുകള്‍ താങ്ങാന്‍ കഴിയുകയും ചെയ്യുന്ന യുവ നിക്ഷേപകർക്ക് അനുയോജ്യമായവയാണ് ഈ ഫണ്ടുകൾ. ബ്ലൂചിപ്പ് സ്റ്റോക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫണ്ടുകളുടെ പോർട്ട്ഫോളിയോയിലെ ഓഹരികൾ ഇപ്പോഴും പ്രാരംഭ വളർച്ചാ ഘട്ടത്തിലാണെന്നതും ബ്ലൂചിപ്പ് സ്റ്റോക്കുകളുടെ സുസ്ഥിരമായ വളർച്ചാ ഘട്ടത്തിലെത്തിയിട്ടില്ലെന്നതുമാണ് ഈ ചാഞ്ചാട്ടത്തിന് കാരണം.
20 അല്ലെങ്കിൽ 30-കളിലുള്ള എല്ലാ യുവ നിക്ഷേപകരുടെയും പോർട്ട്ഫോളിയോയിൽ ഈ ഫണ്ടുകൾ ഉണ്ടായിരിക്കണമെന്നല്ല ഇതിനര്‍ത്ഥം. മിതമായതു മുതല്‍ ഉയർന്നതു വരെയുള്ള റിസ്ക് വേണ്ടെന്നു വയ്ക്കുന്ന യുവ നിക്ഷേപകര്‍ ഇവ ഒഴിവാക്കുകയും പകരം കൂടുതൽ സ്ഥിരതയുള്ള ലാര്‍ജ് ക്യാപ്പ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുകയോ ഒരേ അനുപാതത്തിൽ ലാര്‍ജ് ക്യാപ്പ്, മിഡ്ക്യാപ്പ്, സ്മോള്‍ ക്യാപ്പ് എന്നിവ അടങ്ങുന്ന മൾട്ടിക്യാപ്പ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയോ വേണം.