പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്

പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷന്റെ നേട്ടങ്ങൾ എന്തൊക്കെയാണ് zoom-icon

"ഒരിക്കലും എല്ലാ മുട്ടകളും ഒരു കൊട്ടയിൽ വയ്ക്കരുത്".

നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുമ്പോൾ നഷ്ടവും വരുമാനവും തമ്മിലുള്ള സന്തുലനം നേടുന്നത് നിർണായകമാണ്. ഈ സന്തുലനം നേടാനുള്ള ഒരു പ്രധാന തന്ത്രമാണ് വൈവിധ്യവൽക്കരണം. ഇത് നിങ്ങളുടെ നിക്ഷേപങ്ങൾ വിവിധ ആസ്തി വിഭാഗങ്ങളിലും മേഖലകളിലും വ്യാപിപ്പിക്കാനും ഏതെങ്കിലും ഒരു പ്രത്യേക നഷ്ടസാധ്യതയുമായുള്ള നിങ്ങളുടെ സമ്പർക്കം കുറയ്ക്കാനും അനുവദിക്കുന്നു.

ഈ ലേഖനത്തിൽ, പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ, പ്രത്യേകിച്ച് മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നവ, എന്താണെന്നും കൂടാതെ നിങ്ങൾ അന്വേഷിക്കുന്ന നിക്ഷേപത്തിൽ നിന്ന് വരുമാനം നേടാൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പരിശോധിക്കും.

എന്താണ് പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ?
നിങ്ങൾ അത്താഴത്തിന് പോകുമ്പോൾ, പരമാവധി സംതൃപ്തി ലഭിക്കാനായി പോഷകപ്രദമായ ഭക്ഷണം ഓർഡർ ചെയ്യുന്നു. നിങ്ങൾ ഒരു സൂപ്പ്, അപ്പിറ്റൈസർ, ഒരു പ്രധാന വിഭവം, ഒരു ഡെസെർട്ട് എന്നിവയും, ഒരുപക്ഷേ കുറച്ച് പാനീയങ്ങളും ഓർഡർ ചെയ്തേക്കാം. ഇത് നിങ്ങൾക്ക് വൈവിധ്യമാർന്ന രുചികളും ഗുണങ്ങളും ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ഒരു കോഴ്സ് തൃപ്തികരമല്ലെങ്കിൽ, മറ്റൊരു കോഴ്സിന് അതിന്റെ രുചിയില്ലായ്മ പരിഹരിക്കാനുള്ള അവസരമുണ്ട്.

ഇതേ രീതിയിൽ പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷനെക്കുറിച്ചും ചിന്തിക്കുക. നഷ്ട സാധ്യത മികച്ച രീതിയിൽ ക്രമീകരിച്ച വരുമാനത്തിനായി വിവിധ ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപിക്കുന്നത് പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷനിൽ ഉൾപ്പെടുന്നു, അതായത് നഷ്ടസാധ്യത കുറയ്ക്കുകയും വരുമാനം പരമാവധിയാക്കുകയും ചെയ്യുക. സ്റ്റോക്കുകൾ, ബോണ്ടുകൾ, കമ്മോഡിറ്റികൾ, റിയൽ എസ്റ്റേറ്റ്, മറ്റ് ഇതര നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തി വിഭാഗങ്ങളിലായി നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇക്വിറ്റി, ഡെറ്റ്, കമ്മോഡിറ്റികൾ തുടങ്ങിയ ഒന്നിലധികം വിപണികളിൽ നേരിട്ട് വാങ്ങുന്നതിനുപകരം, ഒറ്റ മ്യൂച്വൽ ഫണ്ട് സ്കീമിലൂടെ നിങ്ങൾക്ക് എല്ലാ വിപണികളിലും നിക്ഷേപിക്കാനാവും.

ഉദാഹരണത്തിന്, മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകൾ കുറഞ്ഞത് മൂന്ന് ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം നടത്തുന്നു, ഓരോ വിഭാഗത്തിനും കുറഞ്ഞത് 10% അനുവദിച്ചിരിക്കുന്നു. അതുപോലെ തന്നെ, മൾട്ടി-ക്യാപ് ഫണ്ടുകൾ നിക്ഷേപത്തിന്റെ കുറഞ്ഞത് 65% വിവിധ മേഖലകളിൽ നിന്നും മാർക്കറ്റ് വിഭാഗങ്ങളിൽ നിന്നുമുള്ള സ്റ്റോക്കുകളിലായി ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ ഇൻസ്ട്രുമെന്റുകൾ എന്നിവയ്ക്കായി നീക്കിവയ്ക്കുന്നു. ഈ വൈവിധ്യവൽക്കരണം ഒരു ചെറിയ എണ്ണം സ്റ്റോക്കുകളിലേക്കോ മേഖലകളിലേക്കോ വിഭാഗങ്ങളിലേക്കോ ഉള്ള അമിതമായ സമ്പർക്കവുമായി ബന്ധപ്പെട്ട നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

അതിനു പുറമേ, വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് വ്യത്യസ്ത മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടുകളിലും ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി ഫണ്ടുകളിലും ഇടക്കാല ലക്ഷ്യങ്ങൾക്കായി ഹൈബ്രിഡ് ഫണ്ടുകളിലും നിക്ഷേപം നടത്താം.

ഈ ഫണ്ടുകൾ ഓരോന്നും അവയുടേതായ നേട്ടങ്ങളോടെയാണ് വരുന്നത്. കൂടാതെ അവയ്ക്ക് ഒരു നിശ്ചിത അളവിലുള്ള നഷ്ടസാധ്യതയുമുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട്ഫോളിയോയിലേക്കുള്ള നഷ്ടസാധ്യത നിങ്ങൾക്ക് ലഘൂകരിക്കാനാകും.

വൈവിധ്യവൽക്കരണത്തിന് വ്യത്യസ്‌ത വിപണി മേഖലകളിൽ നിന്ന് നേട്ടമുണ്ടാക്കാനുള്ള അവസരവും നൽകാനാകും, ഇത് നഷ്ട സാധ്യത കുറച്ച് പരമാവധി വരുമാനം നേടാൻ സഹായിക്കുന്നു.

മ്യൂച്വൽ ഫണ്ടുകളിൽ തന്നെ, സ്വഭാവികമായി വൈവിധ്യവൽക്കരണം നൽകുന്ന മ്യൂച്വൽ ഫണ്ടുകളുടെ ചില വിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന്, മൾട്ടി-ക്യാപ് ഫണ്ടുകൾ വിവിധ മേഖലകളിലും വ്യവസായങ്ങളിലുമുള്ള സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപം നടത്തുന്നു. മൾട്ടി-ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് കമ്പനിയുടെ ഇക്വിറ്റികളുടെ വിശാലമായ ശ്രേണിയിലേക്ക് പ്രവേശനം നേടാൻ നിങ്ങളെ സഹായിക്കും. അതുപോലെ തന്നെ, നിങ്ങൾക്ക് നഷ്ട സാധ്യത ബാലൻസ് ചെയ്ത ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം വേണമെങ്കിൽ, ഡെറ്റിലും ഇക്വിറ്റി നിക്ഷേപങ്ങളിലും തുല്യമായി നിക്ഷേപിക്കുന്ന ഒരു ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം.

എന്നിരുന്നാലും, ഡൈവേഴ്സിഫിക്കേഷൻ വിജയം ഉറപ്പുനൽകുകയോ നഷ്ടത്തിൽ നിന്ന് സംരക്ഷണം നൽകുകയോ ചെയ്യുന്നില്ലെന്ന കാര്യം ഓർമ്മിക്കുക. നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ നിക്ഷേപ ലക്ഷ്യങ്ങൾ പരിഗണിക്കുക.

പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

1) നഷ്ടസാധ്യതാ മാനേജ്മെന്റ്
നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുമ്പോൾ, ഒരു ആസ്തി വിഭാഗത്തിന്റെ പ്രകടനം മോശമായാൽ, മറ്റ് ആസ്തികൾ അത് പരിഹരിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കുന്നു. എല്ലാ ആസ്തികളും തുല്യമായി പ്രവർത്തിക്കുന്നില്ല, വൈവിധ്യവൽക്കരണം നിങ്ങളുടെ നഷ്ടസാധ്യത കുറയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, ഇക്വിറ്റികളുടെ പ്രകടനം മോശമാണെങ്കിൽ, ഡെറ്റ് ഇൻസ്ട്രുമെന്റുകളും സ്വർണ്ണവും സാധാരണയായി മികച്ച പ്രകടനം നടത്തും. നിങ്ങൾ ഒരു ഡൈവേഴ്‌സിഫൈഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയോ വ്യത്യസ്ത ആസ്തികളിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉൾപ്പെടുന്ന ഒരു പോർട്ട്‌ഫോളിയോ ഉണ്ടെങ്കിലോ, നിങ്ങളുടെ മൊത്തത്തിലുള്ള നഷ്ടസാധ്യതയും വരുമാനവും സന്തുലിതമാകും.

2)  വിപണിയിലെ ചാഞ്ചാട്ടത്തിനെതിരായ സംരക്ഷണം
വൈവിധ്യമാർന്ന ഒരു പോർട്ട്‌ഫോളിയോ പോർട്ട്‌ഫോളിയോയുടെ മൊത്തത്തിലുള്ള നഷ്ടസാധ്യത കുറയ്ക്കുന്നു. ആസ്തി വിഭാഗങ്ങളിലും വ്യവസായങ്ങളിലുമായുള്ള നിക്ഷേപ വൈവിധ്യവൽക്കരണം കാരണം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ മൊത്തത്തിലുള്ള ആഘാതം കുറയുന്നു. വരുമാനത്തിലെ ഉയർന്ന ചാഞ്ചാട്ടം ഒരു നഷ്ടസാധ്യതയുള്ള ആസ്തിയെ സൂചിപ്പിക്കുന്നു. ഇക്കാരണത്താൽ, നഷ്ടസാധ്യതയുള്ള ആസ്തികളിലെ വരുമാനം സാധാരണയായി കുറഞ്ഞ നഷ്ടസാധ്യതയുള്ള ആസ്തികളിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതലാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരേ കമ്പനിയുടെ ഇക്വിറ്റികളിലും ബോണ്ടുകളിലും നിക്ഷേപിക്കുകയാണെങ്കിൽ, ഇക്വിറ്റികളിലെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ബോണ്ടുകളിലെ നിക്ഷേപത്തിലേതിനേക്കാൾ കൂടുതലായിരിക്കും. ഇക്വിറ്റികളിലും നഷ്ടസാധ്യത കൂടുതലായിരിക്കും. നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഡെറ്റും ഇക്വിറ്റിയും ഉൾപ്പെടുത്തുമ്പോൾ, ഒരു ആസ്തി വിഭാഗത്തിൽ നിന്നുള്ള പോസിറ്റീവ് വരുമാനം മറ്റൊരു ആസ്തി വിഭാഗത്തിൽ നിന്നുള്ള താഴ്ന്ന അല്ലെങ്കിൽ നെഗറ്റീവ് വരുമാനത്തിന്റെ നഷ്ടം നികത്തുമെന്ന് നിങ്ങൾ ഉറപ്പാക്കുന്നു.

3) ലക്ഷ്യങ്ങൾ
പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ വൈവിധ്യവൽക്കരണം നിങ്ങളെ സഹായിച്ചേക്കാം. കാലക്രമേണ ലക്ഷ്യങ്ങൾ മാറിയേക്കാം; അവ നേടുന്നതിന് ഫ്ലെക്സിബിളായ നിക്ഷേപ തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് വാർഷിക അവധികൾ എടുക്കാനും വിരമിക്കലിനായി സമ്പാദിക്കാനും, നിങ്ങളുടെ കുട്ടിയുടെ കോളേജ് ചെലവുകൾ നൽകാനും ആഗ്രഹിക്കുന്നുവെന്ന് കരുതുക. ഈ ലക്ഷ്യങ്ങളിൽ ഓരോന്നും ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ലക്ഷ്യത്തെയും സമയ പരിധിയെയും ആശ്രയിച്ച് നിങ്ങൾക്ക് വ്യത്യസ്ത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ആവശ്യമായി വന്നേക്കാം. സംശയമുണ്ടെങ്കിൽ, നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടുക.

4) ദീർഘകാല പ്രകടനം
ദീർഘകാലാടിസ്ഥാനത്തിൽ, നന്നായി വൈവിധ്യവത്കരിച്ച ഒരു പോർട്ട്‌ഫോളിയോയ്ക്ക് സ്ഥിരതയുള്ള നിക്ഷേപ അനുഭവം നൽകാനും വിപണിയിലെ ചാഞ്ചാട്ടം നേരിടാൻ മികച്ച സ്ഥാനമുറപ്പിക്കാനുമുള്ള കഴിവുണ്ട്.

5) സമയം ലാഭിക്കുന്നതും സൗകര്യപ്രദവും
ഓരോ നിക്ഷേപവും പ്രത്യേകം നിരീക്ഷിക്കേണ്ടതില്ലാത്തതിനാൽ വൈവിധ്യവൽക്കരിച്ച പോർട്ട്ഫോളിയോകൾ സമയം ലാഭിക്കാൻ സഹായിക്കും. അതിനേക്കാളേറെ, നിങ്ങൾ പോർട്ട്‌ഫോളിയോയുടെ പ്രകടനം നിരീക്ഷിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും മാത്രം ചെയ്താൽ മതി. ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യുട്ടറെ സമീപിക്കാവുന്നതാണ്.

മനസ്സിലാക്കാനുള്ളത്
നഷ്ട സാധ്യത കൈകാര്യം ചെയ്യാനും പരമാവധി വരുമാനം നേടാനും ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനെയും സംബന്ധിച്ച് പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ നിർണായകമാണ്. സമ്പദ്‌വ്യവസ്ഥയിലെ വിവിധ ആസ്തി വിഭാഗങ്ങളിലേക്കും മേഖലകളിലേക്കും സമ്പർക്കം നൽകുന്ന വിവിധ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുന്നത് വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെയും സാമ്പത്തിക അനിശ്ചിതത്വങ്ങളുടെയും ആഘാതം കുറയ്ക്കുകയും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

നിരാകരണം

മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് AMFI വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു സാമ്പത്തിക ഉൽപ്പന്ന വിഭാഗമെന്ന നിലയിൽ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിള്ളതാണ്, അല്ലാതെ വിൽപ്പന പ്രോത്സാഹിപ്പിക്കാനോ ബിസിനസ് അഭ്യർത്ഥനയ്ക്കോ വേണ്ടിയുള്ളതല്ല.

പൊതുവായി ലഭ്യമായ വിവരങ്ങൾ, ആന്തരിക ഉറവിടങ്ങൾ, വിശ്വസനീയമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് മൂന്നാം കക്ഷി ഉറവിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള ഉള്ളടക്കം AMFI തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, അത്തരം വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകാനോ അതിന്‍റെ പൂർണ്ണത ഉറപ്പുനൽകാനോ അത്തരം വിവരങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകാനോ AMFI-ക്ക് കഴിയില്ല.

ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്‍റെയോ അതിന്‍റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്‍റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല.

ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്‍റെയോ അതിന്‍റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്‍റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല.

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??